തിരുവല്ല: ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘ്(ബി പി റ്റി എം എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല എയർടെൽ സ്റ്റോറിനു മുൻപിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. കേരള പ്രദേശ് കോൺട്രാക്ട് മസ്ദൂർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പ്രദീപ് ആലംതുരുത്തി ഉദ്ഘാടനം നിർവഹിച്ചു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചു, അർഹതപ്പെട്ട അവകാശങ്ങൾ നൽകി തൊഴിൽ ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ കമ്പനി മാനേജ്മെന്റ് തയ്യാറാകണമെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ബി പി റ്റി എം എസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ബിജു പി അധ്യക്ഷത വഹിച്ചു. ബി എം എസ് മേഖല സെക്രട്ടറി രാജ്പ്രകാശ് വേണാട് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ബി പി ടി എം എസ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അജേഷ്, ബിഎംഎസ് മേഖലാ പ്രസിഡണ്ട് സുരേന്ദ്രൻ നായർ, ട്രഷറർ അനിഴകുമാർ, ജോയിൻ സെക്രട്ടറി അനീഷ് തേവർമല, മുൻസിപ്പൽ പ്രസിഡന്റ് രാജു സി, ജി ഷ്ണു, സുജിത് തുടങ്ങിയവർ പ്രസംഗിച്ചു
ഭാരതി എയർടെൽ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ ശമ്പളം വെട്ടികുറക്കുകയും നിലവിലുള്ള കരാർ കമ്പനിയെ ഒഴിവാക്കി പുതിയ തൊഴിൽ കരാറുകൾ നൽകി ജീവനക്കാരെ സ്വയം വിരമിക്കലിന്റെ വക്കിലെത്തിക്കുന്ന മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 11,12 തീയതികളിൽ 48 മണിക്കൂർ പണിമുടക്കു നടത്തുമെന്നും ബി പി റ്റി എം എസ് അറിയിച്ചു.