ന്യൂഡൽഹി : ഡൽഹിയിൽ മോഷണ കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ നാട്ടുകാരും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ചതായി പരാതി .സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ കോഴിക്കോട് സ്വദേശി ഐ.ടി. അശ്വന്ത്, കാസർകോട് സ്വദേശി കെ. സുധിൻ എന്നിവർക്കാണ് മർദനമേറ്റത്.
വൈകിട്ട് ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ മൊബൈൽ ഫോണും വാച്ചും വിൽക്കാനെന്ന പേരിൽ ഒരാൾ ഇവരുടെ അടുത്തെത്തി. വിദ്യാർഥികൾ വേണ്ടെന്ന് പറഞ്ഞെങ്കിലും അല്പസമയം കഴിഞ്ഞ് ആറംഗസംഘവുമായി മടങ്ങിയെത്തിയ ഇയാൾ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
വിദ്യാർഥികൾ സമീപത്തെ പൊലീസ് ഔട്പോസ്റ്റിലെത്തി സഹായം അഭ്യർഥിച്ചെങ്കിലും വിദ്യാർഥികളാണ് തെറ്റുചെയ്തതെന്ന് ആരോപിച്ച പൊലീസ് ഇരുവരെയും മർദിച്ചുവെന്നും വിദ്യാർഥികൾ പറയുന്നു.പിന്നീട് കോളേജിലെ മുതിർന്ന വിദ്യാർഥികളെത്തി പോലീസുമായി സംസാരിച്ചാണ് മോചിപ്പിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഡൽഹി പോലീസ് കമ്മിഷണർക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനും വിദ്യാർഥികൾ പരാതി നൽകി.






