പാലക്കാട് : പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 29 മുതൽ മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട് .ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു.
ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.മെയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി പ്രഖാപിച്ചിരിക്കുകയാണ്.