കോട്ടയം : ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ശബരിമലയിൽ 55 ലക്ഷം പേർ തീർഥാടനത്തിനെത്തിയിട്ടും ഒരു പരാതി പോലും ഉയരാതിരുന്നത് എല്ലാവരും സഹകരിച്ചു പ്രവർത്തിച്ചതുകൊണ്ടാണെന്ന് യോഗത്തിൽ സംസാരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു.
ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. 70 പോലീസുകാരെ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയിഡ് പോസ്റ്റും ഉണ്ടാകും.
എക്‌സൈസിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും.ആരോഗ്യ വകുപ്പിനു കീഴില്‍ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും . 24 മണിക്കൂറും ആംബുലൻസ് സേവനവും ഉറപ്പുവരുത്തും.
കെ.എസ്.ആർ.ടി.സി കോട്ടയത്തു നിന്നുള്ള പമ്പ സർവീസിനായി ആദ്യ ഘട്ടത്തിൽ 50 ബസുകളും പിന്നീട് 20 ബസുകളും അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സർവീസ് ഉണ്ടാകും.






