ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാവിയിൽ ഇതുപോലൊരു ആക്രമണം നടത്താൻ ചിന്തിക്കാൻ പോലും ആരും ധൈര്യപ്പെടാത്തവിധം രാജ്യം തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബോറിയവിയിലെ ശ്രീ മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിന്റെയും സാഗർ ജൈവ പ്ലാന്റിന്റെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അമിത് ഷാ.
ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് പിന്നിലുള്ളവരെയും, ഇതിൽ നേരിട്ട് പങ്കാളികളായവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകും. ഇന്ത്യാ സർക്കാരും ആഭ്യന്തര മന്ത്രാലയവും അതിനായി പ്രതിജ്ഞാബദ്ധരാണ്. ഡൽഹി ഭീകരാക്രമണത്തിലെ കുറ്റവാളികൾക്ക് നൽകുന്ന തിരിച്ചടി നമ്മുടെ രാജ്യത്ത് ആരും ഇത്തരം ആക്രമണം നടത്താൻ ധൈര്യപ്പെടരുത് എന്ന സന്ദേശം ലോകത്തേക്ക് നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.






