തിരുവല്ല: പൊടിയാടിയിൽ മദ്ധ്യവയസ്ക്കനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ മാസം 13 നാണ് കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു.
പോസ്റ്റ് മോർട്ടത്തില്‍ നിർണായക കണ്ടെത്തലുകളാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിലേക്ക് എത്താൻ കാരണം. തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതായും കഴുത്തിന്റെ ഭാഗത്ത് ആന്തരീക മുറിവുകള്‍ സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിർണായകമായ വിവരങ്ങള്‍ ലഭിച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയെടുക്കും.
ശശികുമാര്‍ താമസിച്ച വീട്ടിൽ പോലിസ് പരിശോധന നടത്തി. കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞുവെന്നതാണ് പോലീസിന് മരണത്തിൽ സംശയം ജനിപ്പിക്കാൻ ഇടയാക്കിയത്. പൊടിയാടി ജംഗ്ഷനിലെ ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം. സംഭവത്തിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പുളിക്കീഴ് ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.






