ശബരിമല: അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് – പമ്പ വഴി 37,059 പേർ ശബരിമലയിൽ എത്തി. ശരാശരി 1500 മുതൽ 2500 വരെ തീർത്ഥാടകർ ഈ പാതയിലൂടെ ഒരു ദിവസം സന്നിധാനത്ത് എത്തുന്നുണ്ട്. സത്രം വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതുവരെ എത്തിയത്. 4000 മുതൽ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകൾ വഴിയുള്ള ഭക്തരുടെ എണ്ണം വരും ദിവസങ്ങളിലും വർദ്ധിക്കും എന്നാണ് കരുതുന്നത്.
സന്നിധാനത്ത് എത്തുന്ന ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഡിസംബർ 13 വരെ 2,34,7554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോൾ ആകെ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. ശരാശരി 80000 തീർത്ഥാടകരാണ് ഒരു ദിവസം ഇപ്പോൾ സന്നിധാനത്ത് എത്തുന്നത്. ഡിസംബർ 8 നാണ് ഏറ്റവും അധികം പേരെത്തിയത് – 101,844 പേർ. നവംബർ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു – 100,867.






