കൊച്ചി : ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.സാങ്കേതികത്തകരാര്‍ കാരണമാണ് കരിപ്പൂരേക്കുള്ള വിമാനം കൊച്ചിയിലേക്ക് വഴിത്തിരിച്ചുവിട്ടത്.160 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 398 ആണ് വഴിതിരിച്ചു വിട്ട് കൊച്ചിയിൽ ഇറങ്ങിയത്. ലാന്‍ഡിങ്ങിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ വലതുഭാഗത്തെ ടയറും നോസ് വീലും പൊട്ടിയതായി സ്ഥിരീകരിച്ചു.യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെട്ടത് പുലർച്ചെ 1.15നാണ്. ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് എന്തോ വസ്തു തട്ടിയത് കാരണം ടയറിന് കേടുപാട് സംഭവിച്ചെന്ന് സംശയം തോന്നിയെന്നും ഇതിനാലാണ് വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടതെന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം.വിമാനം ഇറക്കുന്നതിന് മുന്‍പ് തന്നെ വിമാനത്താവളത്തിൽ സിഐഎസ്എഫ്, അഗ്നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങൾ സജ്ജരായി നിന്നിരുന്നു.സംഭവത്തെത്തുടർന്ന് ഒരുമണിക്കൂറോളം റൺവേ അടച്ചിട്ടു.






