കൊച്ചി : നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്.ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.
അതേസമയം നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.






