കോട്ടയം : ക്രിസ്തീയ വിശ്വാസത്തിൻ്റെ ആത്മീയ അടിത്തറയാണ് നിഖ്യാ സുന്നഹദോസെന്ന് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 1700 -ാം വാർഷികം ക്രൈസ്തവ സഭകളുടെ യോജിപ്പിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. വ്യത്യസ്ഥങ്ങളായ ആരാധനാ പാരമ്പര്യങ്ങൾ ഉൾക്കൊണ്ടുതന്നെ വിശ്വാസപ്രമാണത്തിൽ യോജിക്കുവാനും ഐക്യപ്പെടുവാനും കഴിയണം.
എ.ഡി 325 ൽ സുന്നഹദോസ് നടന്ന അതേ സ്ഥലത്ത് ഇതര സഭാധ്യക്ഷൻമാർക്കൊപ്പം ഒരുമിച്ച് പ്രാർത്ഥിക്കാൻ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ കോട്ടയം പഴയ സെമിനാരിയിൽ സംഘടിപ്പിച്ച നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ വിഷയാവതരണം നടത്തി. മലങ്കര മാർത്തോമ്മാ സഭയുടെ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ക്നാനായ കത്തോലിക്കാ സഭ കോട്ടയം ആർച്ച് ഡയോസിസ് ഓക്സിലറി ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
കാലാന്തരങ്ങൾ കഴിഞ്ഞിട്ടും ഇന്നും സുവർണ ശോഭയോടെ നിലനിൽക്കുന്നു എന്നതാണ് നിഖ്യാ വിശ്വാസ പ്രമാണത്തിൻ്റെ പ്രസക്തിയെന്ന് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ പറഞ്ഞു. ലോക ക്രൈസ്തവ സഭാധ്യക്ഷൻമാർക്കൊപ്പം ഇസ്നിക്കിലെ 1700-ാം വാർഷികത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പങ്കെടുത്തത് പ്രാർത്ഥന നടത്തി എന്നത് അഭിമാനകരമാണെന്ന് ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം പറഞ്ഞു. കോട്ടയം വൈദിക സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ എന്നിവർ പ്രസംഗിച്ചു.






