ശബരിമല : ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി മികച്ച സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവും തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നു.
മകരവിളക്കിന് ഡിസംബർ 30ന് നട തുറന്ന ശേഷം മാത്രം 11,785 പേർ ചികിത്സ തേടിയെത്തിയതായി മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. കെ.എ സുജിത് കുമാർ പറഞ്ഞു. പനി, ചുമ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടിയാണ് കൂടുതലായും തീർഥാടകർ ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഈ മണ്ഡലകാലം തുടങ്ങിയ ശേഷം ഹൃദയസ്തംഭനവുമായി എത്തിയ 47 കേസുകളിൽ 12 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കാർഡിയാക് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കാർഡിയോളജി യൂണിറ്റുകൾ സജ്ജമാണ്. ഹൃദയാഘാത സാധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ മരുന്നുകളും ലഭ്യമാണ്.
പമ്പ, നിലയ്ക്കൽ, സന്നിധാനം, ചരൽമേട്, അപ്പാച്ചിമേട്, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു, എക്സ്-റേ, ലാബ് സൗകര്യം എന്നിവയുണ്ട്. നിലക്കലിലും ലാബ് സൗകര്യം ലഭ്യമാണ്. ആകെ 22 എമർജൻസി മെഡിക്കൽ സെൻ്ററുകളാണ് ഒരുക്കിയിട്ടുള്ളത്.






