കൊച്ചി: എന്‍എസ്എസ്- എസ്എന്‍ഡിപി പോലുള്ള സാമുദായിക സംഘടനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കാനും നിര്‍ണയിക്കാനും സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. എസ്എന്‍ഡിപി നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചോ എന്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചോ മാത്രം വോട്ട് ചെയ്യുന്ന ഒരു കമ്യൂണിറ്റി അല്ല രണ്ടും.
എന്നാൽ കേരളം അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ മുന്നോട്ടു വെക്കാന്‍ അവര്‍ക്ക് സാധിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാക്കാനും സജീവമാക്കാനും അവര്‍ക്ക് സാധിക്കും. നായര്‍-ഈഴവ സമുദായവുമായി കുറെനാളായി ബിജെപി സംസാരിക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു.
ബിഡിജെഎസുമായി ഒരു സഖ്യമുണ്ടാക്കിയതിന് ശേഷം തെക്കന്‍ കേരളത്തില്‍ ഈഴവ ജനവിഭാഗത്തിനിടയില്‍ ബിജെപിയുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പരമ്പരാഗതമായി നായര്‍ വിഭാഗത്തിലുള്ള ആളുകള്‍ ബിജെപിക്ക് ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഈഴവ സമൂഹത്തിന്റെ പിന്തുണ കൂടി കിട്ടുന്നു. ഇത്തവണ ഹിന്ദു സമൂഹത്തിലെ പട്ടികജാതി വിഭാഗത്തിന്റെ പിന്തുണ കൂടി ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈഴവ, പട്ടികജാതി വിഭാഗത്തിന്റെ പിന്തുണ ഒന്നുകൂടി വര്‍ധിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്. അത് വിജയിപ്പിക്കാന്‍ സാധിച്ചാല്‍ കേരളത്തിലെ സാമൂഹിക അന്തരീക്ഷം മൊത്തമായിട്ട് മാറും. പട്ടികജാതി സമൂഹമെന്ന് പറയുന്നത് കാലാകാലങ്ങളായി സിപിഎമ്മിന്റെ ഹാര്‍ഡ്‌കോര്‍ ആയിട്ടുള്ള വോട്ടര്‍മാരാണ്.
തെക്കന്‍ കേരളത്തില്‍ ഞങ്ങള്‍ ജയിച്ചതെല്ലാം സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണ്. ഈ ജനവിഭാഗങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് കിട്ടുന്നതുകൊണ്ടാണ് ഈ മേഖലകളിലൊക്കെ വിജയിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് മെല്ലെ മെല്ലെ അതിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ബോധപൂര്‍വമായി ശ്രമിക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു.






