കോഴഞ്ചേരി: 131-ാമത് മാരാമൺ കൺവൻഷന്റെ ഭാഗമായി മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരി കടവിൽ മാളികയിൽ നിന്നും അയിരൂരിൽ നിന്നും “പ്രകൃതിക്ക് കാവലാവുക ” എന്ന സന്ദേശവുമായി പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം സംഘടിപ്പിക്കുന്നു
ജനുവരി 31ന് ഉച്ചക്ക് 1.30ന് കടവിൽ മാളിക,അയിരൂർ ചെറുകോൽപ്പുഴ കടവുകളിൽ നിന്ന് ആരംഭിക്കുന്ന ജലയാത്ര വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ കൈമാറി വൈകുന്നേരം 4.30ന് മാരാമൺ കൺവെൻഷൻ നഗറിൽ സമാപിക്കും
അടൂർ ഭദ്രാസന അദ്ധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം ചെറുകോൽപ്പുഴയിലും സഭാ സെക്രട്ടറി ഫാ. എബി. ടി. മാമ്മൻ കടവിൽ മാളികയിലും യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇരു കേന്ദ്രങ്ങളിൽ നിന്നും നിരവധി വള്ളങ്ങളിലായി ജനങ്ങൾ യാത്രയിൽ അണിചേരും.
മാരാമൺ കൺവെൻഷന്റെ ആരംഭകാല ഓർമ്മകൾ പുതുക്കി പരമ്പരാഗത വേഷങ്ങളിലാവും സ്ത്രീകളും പുരുഷൻമാരും വള്ളത്തിൽ യാത്ര ചെയ്യുക. വള്ളത്തിൽ ഒരുക്കുന്ന ഗാനങ്ങളും ചൂട്ടുകറ്റകളും റാന്തൽ വിളക്കുകളും പഴയ കാല കൺവെൻഷൻ യോഗങ്ങളെയും യാത്രകളെയും അനുസ്മരിപ്പിക്കുന്നതാവും. ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിലും അയിരൂർ പുല്ലേലി കടവിലും, മേലുകര ചാപ്പലിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും യാത്രക്ക് സ്വീകരണം ഒരുക്കും
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എൻ. എസ്. എസ് യൂണിറ്റ് പ്രവർത്തകർ തെരുവ് നാടകങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ സന്ദേശം കൈമാറും. വൈകുന്നേരം 4.30ന് മാരാമൺ മണൽപ്പുറത്തു ചേരുന്ന പരിസ്ഥിതി സമ്മേളനത്തിൽ ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിക്കും.






