തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ നാടിനെയറിഞ്ഞ് ജില്ലയിലൂടെയൊരു യാത്ര എന്ന പേരിൽ പത്തനംതിട്ട ജില്ലയിലെ സാംസ്കാരിക, വിദ്യാഭ്യാസ, വ്യാവസായിക കേന്ദ്രങ്ങളിലേക്ക് പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോ ഓർഡിനേറ്റർ എസ്. ഷെഫീന, കെ. അരുൺ, വി. നീത, കെ. പ്രിൻസി, വി ബി മധു, അശ്വിൻ എന്നിവർ സംസാരിച്ചു. കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ ആദരവ് അർപ്പിച്ചു കൊണ്ട് ആരംഭിച്ച് പെരിങ്ങര ഇളമൺ മഠത്തിൽ അവസാനിച്ച യാത്ര ജില്ലയുടെ സാംസ്കാരിക വൈവിധ്യം നേരിട്ട് കണ്ടറിയുന്നതിന് സഹായകമായി.
കടമ്മനിട്ട കാവ്യശില്പ സമുച്ചയം, പടയണി ഗ്രാമം, ആറന്മുള കണ്ണാടി നിർമ്മാണ ശാല, ജില്ലാ ഖാദി വ്യവസായ കേന്ദ്രം, നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പടയണി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ളയുടെ വീട്ടിലെത്തി അദ്ദേഹവുമായി സംവദിച്ചു.
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റും കാവ്യശില്പ സമുച്ചയത്തിന്റെ സെക്രട്ടറിയുമായ വി.കെ. പുരുഷോത്തമൻ പിള്ള, ഗോത്രകലാ കളരി പ്രസിഡന്റ് പി.ടി.പ്രസന്നകുമാർ, കരുണാകരൻ കടമ്മനിട്ട, ആർ കലാധരൻ,തോമസ് ഫിലിപ്പ്, ഡോ.രമേശ് ഇളമൺ തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖർ കുട്ടികളുമായി സംവദിച്ചു.






