കോഴിക്കോട് : സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
താൻ പറഞ്ഞതിൽ നിയമപരമായി തെറ്റില്ലെന്നും രാഷ്ട്രീയമായി തെറ്റുള്ളത് കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചതെന്നും ഹരിഹരൻ മാധ്യമങ്ങളോടു പറഞ്ഞു. തനിക്കെതിരെയും കെ.കെ.രമയ്ക്കെതിരെയും വലിയ സൈബർ ആക്രമണം നടന്നെന്നും വീടിന് നേരെ ഉണ്ടായ ബോംബേറിൽ ഇത് വരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.