തിരുവനന്തപുരം: പനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്ക്. സെപ്റ്റംബറിൽ ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളും 724 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആകെ 6,182 കേസുകളും 40 മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്തത്. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.





