പത്തനംതിട്ട : മൂന്ന് പതിറ്റാണ്ട് മുമ്പ് പാതിവഴിയിൽ മുടങ്ങിയ ‘അന്ന’ എന്ന സിനിമയ്ക്ക് വീണ്ടും ജീവൻ. നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഗിരീഷ് എ.ഡി ഒരുക്കിയ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലൂടെ ‘അന്ന’യിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം വീണ്ടും ശ്രദ്ധേയമായതോടെയാണ് മുടങ്ങിക്കിടന്ന സിനിമയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.
പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ‘അന്ന’യുടെ നിർമ്മാണാവകാശം സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ പുതിയ എഴുത്തുകാരുടെ സഹായത്തോടെ ചിത്രം പുതിയ തലമുറയ്ക്കായി അവതരിപ്പിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ സംവിധായകൻ, താരനിര തുടങ്ങിയ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ടോമിച്ചൻ അറിയിച്ചു.
1990കളിൽ സംവിധായകൻ ജോഷിയുടെ നേതൃത്വത്തിൽ ഒരുങ്ങാനിരുന്ന ചിത്രമായിരുന്നു ‘അന്ന’. എൻ മോഹനന്റെ കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ അരവിന്ദ് സ്വാമിയും ശ്രീദേവിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. വിവിധ കാരണങ്ങളാൽ ചിത്രീകരണം ആരംഭിക്കാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ചിത്രത്തിനായി ഔസേപ്പച്ചന്റെ സംഗീതത്തിൽ നിരവധി ഗാനങ്ങളും തയ്യാറാക്കിയിരുന്നു.
ഇതിൽ യേശുദാസ് ആലപിച്ച ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ‘ബത്‌ലഹേം കുടുംബ യൂണിറ്റിൽ’ ഉപയോഗിച്ചതോടെയാണ് പുതിയ തലമുറയ്ക്കിടയിലും ഗാനം വലിയ രീതിയിൽ ശ്രദ്ധ നേടിയത്. ഇതോടെ ‘അന്ന’ എന്ന മുടങ്ങിപ്പോയ സിനിമയെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചകളും അന്വേഷണങ്ങളും സജീവമായി.
‘അന്ന’യുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും പുതിയ തലമുറയിലേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് അവകാശം ഏറ്റെടുത്തതെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടിന് മുമ്പ് പാതിവഴിയിൽ നിന്നുപോയ സിനിമയ്ക്ക് പുതിയ തുടക്കമാണ് ഇതിലൂടെ ലഭിക്കുന്നത്.
‘പുലിമുരുകൻ’ പുറത്തിറങ്ങി പത്താം വർഷം പൂർത്തിയാക്കിയ വേളയിലാണ് ടോമിച്ചൻ മുളകുപാടം ‘അന്ന’യുടെ പുനരവതരണ പ്രഖ്യാപനം നടത്തിയത്. പുതിയ കാലത്തിനനുസരിച്ച് കഥയിൽ മാറ്റങ്ങൾ വരുത്തിയാകും ചിത്രം ഒരുക്കുക. സംവിധായകനും അഭിനേതാക്കളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.





