കോഴഞ്ചേരി : ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരെ പരാതിയുമായി ആശുപത്രി സൂപ്രണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെ മാനസികനില പരിശോധിച്ച് ചികിത്സ നൽകണമെന്ന് ആരോഗ്യ വകുപ്പിന് ആശുപത്രി സൂപ്രണ്ട് കത്തയച്ചു. ജീവനക്കാരിയുടെ നേതൃത്വത്തിൽ ഏതാനും ആളുകൾ ഭീഷണിപ്പെടുത്തിയതായി കാട്ടി ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐപ്പ് ആറന്മുള പോലീസിൽ പരാതി നൽകി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന ജീവനക്കാരി നിരന്തരം ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയും, സഹപ്രവർത്തകർക്കെതിരെ അടിസ്ഥാന രഹിതമായ പരാതികൾ നൽകുകയും, രോഗികളോട് തട്ടിക്കയറുകയും ഓ പി യിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്നത് നിത്യ സംഭവമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐപ്പ് സാമുവേൽ ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, ജില്ലാകലക്ടർ എന്നിവർക്ക് ഉൾപ്പടെ നൽകിയ പരാതിയിൽ പറയുന്നു.
ജീവനക്കാരി ആത്മഹത്യാ പ്രവണത ഉൾപ്പടെ മാസസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അതിനാൽ ഇവരെ മെഡിക്കൽ ബോർഡിൽ ഹാജരാക്കി മാനസികനില പരിശോധിക്കണമെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടുന്നത്.
ജീവനക്കാരിക്കെതിരെ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിൽ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായി ഡോ. നിധീഷ് ഐപ്പ് സാമുവൽ പറഞ്ഞു.