തിരുമൂലപുരം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 24 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പുലർച്ചെ വരെ പെയ്തിരുന്ന മഴയ്ക്ക് രാവിലെയുടെ അല്പം ശമനം ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രദേശത്തുകൂടി ഒഴുകുന്ന മണിമല പമ്പ നദികളുടെ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. ഇരുവള്ളി പറ, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറി തുടർന്ന് ഈ റോഡുകളിലൂടെ ഉള്ള ഗതാഗതം നിലച്ചു കിടക്കുകയാണ്. പ്രദേശത്തെ വെള്ളം കയറിയ വീടുകളിൽ നിന്നും കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
കടപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വരമ്പിനകത്ത് മാലി ഭാഗത്തെ 15 ഓളം വീടുകളിലും വെൺപാലയിൽ പത്തോളം വീടുകളിൽ വെള്ളം കയറി. ഈ വീടുകളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വാർഡ് മെമ്പർ സൂസമ്മ പൗലോസ് പറഞ്ഞു. അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങര, കടപ്ര , നിരണം, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.