കോട്ടയം : ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മൂന്നാം ഓർമ്മപ്പെരുന്നാൾ 11 നും 12 നും ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ ആചരിക്കും. 11 ന് രാവിലെ 7 ന് ഫാ. ഡോ. തോമസ് പി. സഖറിയ വി. കുർബാന അർപ്പിക്കും. മാർ ഏലിയാ കത്തീഡ്രലിൽ നിന്ന് വൈകുന്നേരം 5 മണിക്ക് കുന്നംകുളം മെത്രാസനത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൽനട തീർത്ഥയാത്രക്ക് 6 ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സ്വീകരണം നൽകും. 6.15 ന് സന്ധ്യാനമസ്കാരം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ നടക്കും.7.15 ന് ഡോ. സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്ത അനുസ്‌മരണ പ്രസംഗം നടത്തും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്.
12 ന് രാവിലെ 6.30 ന് പ്രഭാതനമസ്കാരം, 7. 30 ന് മൂന്നിന്മേൽ കുർബാന കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കും. തുടർന്ന് പ്രസംഗം, കബറിങ്കൽ ധൂപ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടുകൂടിപെരുന്നാൾ സമാപിക്കും.