ആറന്മുള : ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുതുക്കി പണിത മല്ലപ്പുഴശ്ശേരി പള്ളിയോടം കരക്കാരുടെ ആഘോഷ തിമിർപ്പിൽ പമ്പാനദിയിൽ നീരണഞ്ഞു. ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആറാട്ട് കടവിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണന്‍ നീരണിയല്‍ കർമം നിര്‍വഹിച്ചു .
പള്ളിയോടകരയോഗം പ്രസിഡന്റ് ശശീന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പള്ളിയോടസേവാ സംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ ഉദ്ഘാടനം ചെയ്തു. ശില്പികളെ ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരൻ ആദരിച്ചു. അക്കീരമൻ കാളിദാസ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ജെ.ഇന്ദിരാ ദേവി,മിനി ജിജു ജേക്കബ്,ജിജി ചെറിയാൻ മാത്യു,ശ്രീലേഖ,സതീ ദേവി,റോസമ്മ മത്തായി, എ.പദ്മകുമാർ,ഹരികൃഷ്ണൻ തിരുമേനി,പ്രസാദ് ആനന്ദ ഭവൻ, കെ.എസ്.സുരേഷ്,ഭരത് വാഴുവേലിൽ, വിജയൻ നടമംഗലത്തു്,ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.
ശ്രീപാര്‍ത്ഥസാരഥിപള്ളിയോട കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ചില്‍പ്പെട്ട മല്ലപ്പുഴശ്ശേരി പള്ളിയോടം 16 ലക്ഷം രൂപ മുടക്കി ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തില്‍ ആണ് പുതുക്കി പണിതത്. നീരണിയലിന് ശേഷം പള്ളിയോടം ആറന്മുള ക്ഷേത്ര ദർശനം നടത്തി. മാലിപ്പുര സദ്യയും ഒരുക്കിയിരുന്നു.