ധാക്ക : ഷെയ്ഖ് ഹസീന രാജ്യം വിട്ട ശേഷവും ബംഗ്ലാദേശിൽ കലാപം തുടരുന്ന സാഹചര്യത്തിൽ 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽ നിന്ന് ഇന്ന് രാവിലെ ഡൽഹിയിലെത്തിച്ചു. തിങ്കളാഴ്ച്ച ഷെയ്ഖ് ഹസീന രാജിവെച്ചതിനുശേഷം നിരവധി അവാമി ലീഗ് നേതാക്കളുടെ വീടും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയുംചെയ്തു. ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഹൈന്ദവക്ഷേത്രങ്ങൾക്കു നേരേയും ആക്രമണമുണ്ടായി.
ഹസീന നാടുവിട്ടതോടെ ആയിരക്കണക്കിനാളുകൾ ധാക്കയിലെ അവരുടെ ഔദ്യോഗിക വസതി കൈയേറുകയും സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോകുകയും ചെയ്തു.ബംഗ്ലാദേശ് വിമോചനനേതാവും മുൻപ്രധാനമന്ത്രിയുമായ ശൈഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ അടിച്ചുതകർത്തു.മന്ത്രിമാരുടെയും അവാമി ലീഗ് എം.പി.മാരുടെയും വീടുകളും വ്യവസായസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.
അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് കലാപകാരികൾ തീയിട്ടു.ഹോട്ടലിൽ ഉണ്ടായിരുന്ന ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു.ജൂലായ് 16 മുതൽ നടക്കുന്ന കലാപത്തിൽ ഇതുവരെ നാനൂറിൽപരം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്