കൊച്ചി : എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ദീക്ഷിതയെ ഇടിച്ചിട്ടത് വഴിയരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നപ്പോളെന്ന് പോലീസ്. വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാറിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടുകയായിരുന്നു.സുഭാഷ് നഗർ സ്വദേശി രാജി എന്നയാളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും രാജിയാണ്.പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു . അപകടമുണ്ടാക്കിയ ഈക്കോ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സ്കൂളിൽനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയ്‌ക്ക് അപകടമുണ്ടായത്.പിന്നാലെ വന്ന കാർ വിദ്യാർഥിനിയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി എന്നതായിരുന്നു നിഗമനം. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ കാരണം വ്യക്തമായത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.






