ളാഹ അട്ടത്തോട് കോളനിയിൽ പൊടി മോന്റെ ഭാര്യ ജോനമ്മ (22) ആണ് ഇന്ന് പുലർച്ചെ ഉൾ വനത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. ഈ മാസം 2 ന് ആണ് ജോനമ്മയും പൊടിമോനും ബന്ധുക്കളും ളാഹയിൽ നിന്ന് കാട്ടിലേക്ക് പുറപ്പെട്ടത്. കുന്തിരിക്കം, വാസന പൂക്കൾ തുടങ്ങിയവ ശേഖരിച്ച് നാട്ടിലെത്തി വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ചാലക്കയത്ത് നിന്ന് കിലോമീറ്ററുകൾ അകലെ ഉൾവനത്തിൽ സംഘം എത്തി. രോഗബാധിതയായിരുന്ന ജോനമ്മ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. മരുന്ന് തീർന്നതു കാരണം കഴിയ്ക്കുന്നില്ലായിരുന്നു.
വനത്തിൽ കഴിയവെ തളർച്ച അനുഭവപ്പെട്ട ജോനമ്മ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വിവരം എസ് സി / എസ് പ്രമോട്ടറെയും പൊലീസിനെയും അറിയിക്കാൻ പൊടിമോൻ തിരികെ ചാലക്കയത്തിന് പുറപ്പെട്ടെങ്കിലും കാട്ടാനകൾ സഞ്ചാരപാതയിൽ നിൽക്കുന്നത് കാരണം 3 മണിക്കൂറോളം ഒളിച്ചു നിൽക്കേണ്ടി വന്നു. ആനകൾ മാറിയതിന് ശേഷം ചാലക്കയത്ത് എത്തി പ്രമോട്ടറെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് പമ്പ എസ്എച്ച്ഒ ജി.എസ്.ശ്യാംജിയുടെ നേതൃത്വത്തിൽ പൊലീസ് വനത്തിലേക്ക് തിരിച്ചു. സംഘത്തെ കണ്ടെത്തിയ പൊലീസ് കാട്ടുകമ്പിൽ കെട്ടിയ തുണിയിൽ മൃതദേഹം പൊതിഞ്ഞ് 5 കിലോമീറ്റർ നടന്ന് പുറത്തെത്തിച്ചു. എസ്ഐ ജെ. രാജൻ, ഗ്രേഡ് എസ് ഐ കെ.വി. സജി, എസ് സിപിഒമാരായ സാംസൺപീറ്റർ, നവാസ്, സിപിഒ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം ചുമന്ന് എത്തിച്ചത്.
അസ്വാഭാവിക മരണത്തിന് പമ്പ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി