കൊച്ചി: കേബിള്‍ ഓപ്പറേറ്റര്‍മാരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും വൈദ്യുതി പോസ്റ്റുകളില്‍ വലിച്ചിരിക്കുന്ന കേബിളുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള ‘പരിഹാര നടപടികള്‍’ ശുപാര്‍ശ ചെയ്യുന്നതിനായി സമിതിയെ നിയോഗിച്ചു.
കേബിള്‍ ടിവി കേബിളുകള്‍ വലിയ്ക്കുന്നതിന് വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ട് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 2024 നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ തീരുമാനം.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഡയറക്ടര്‍ (സുരക്ഷ) അധ്യക്ഷനായ അഞ്ചംഗ പാനലിനോട് ഈ വര്‍ഷം സെപ്റ്റംബര്‍ 20 നകം ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് പോലീസ് സൂപ്രണ്ടുമാര്‍ (ട്രാഫിക്), തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരാണ് പാനലില്‍ അംഗങ്ങള്‍.