കോന്നി : വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ കൂടൽ പോലീസ് പ്രതിയെ പിടികൂടി. അരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ഷാജി ഭവനം വീട്ടിൽ ബി സജി (35)യെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പകൽ മൂന്നരയ്ക്കാണ് സംഭവം. അടുക്കളയിൽ ജോലിയിലായിരുന്ന യുവതിയോട് പ്രതി പണം കടം ചോദിച്ചു.
പണം ഇല്ലെന്നു പറഞ്ഞപ്പോൾ ദേഹത്ത് കടന്നുപിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു. തുടർന്ന് വായ് പൊത്തിപ്പിടിച്ചു, വീട്ടമ്മ എതിർത്തപ്പോൾ മുഖത്ത് തലയണ വച്ച് അമർത്തി ശ്വാസം മുട്ടിച്ചു.
പിന്നീട് ബലാൽസംഗത്തിന് വിധേയയാക്കുകയായിരുന്നു. പരിക്കു സംഭവിച്ചതിനെ തുടർന്ന് യുവതി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞു കൂടൽ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരം തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ വി കെ വിജയരാഘവനാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. പ്രതിയെ മുറ്റാക്കുഴിയിൽ നിന്നും കസ്റ്റഡിയിലെടുക്കുക ആയിരുന്നു.
വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോന്നി ഡി വൈ എസ് പി റ്റി രാജപ്പന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.