തിരുവല്ല : തിരുവല്ലയിൽ വാഹനാപകടക്കേസിലെ പരാതിക്കാരിയോട് കുശലം ചോദിച്ച് വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും മെസേജ് അയച്ച പോലീസുകാരനെതിരേ കേസെടുത്തു. അടൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഓ സുനിലിനെതിരേയാണ് തിരുവല്ല പോലീസ് കേസെടുത്തത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. സുനില്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ 2022 നവംബര്‍ മാസത്തിലാണ് സംഭവങ്ങളുടെ തുടക്കം.
വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വന്ന യുവതിക്ക് വാട്സാപ്പ് മുഖേനെ ഗുഡ്മോണിങ്, ഗുഡ്നൈറ്റ് സുഖമാണോ എന്നിങ്ങനെ മെനേജ് അയച്ചുവെന്നാണ് പരാതി. 2024 ഡിസംബര്‍ 31, 2025 ജനുവരി 6, 22 തീയതികളിലും മെസേജ് അയച്ചുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. പരാതിക്കാരി ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഡിജിപി, ഡിഐജി എന്നിവര്‍ക്ക് അയച്ചു കൊടുത്തു.
പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് എഎസ്ഐ മിത്ര മുരളി യുവതിയുടെ താമസ സ്ഥലത്ത് ചെന്ന് മൊഴി എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുനിലിനെ തിരുവല്ലയില്‍ നിന്ന് അടൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. പുതിയ സ്ഥലത്ത് ജോലിക്ക് ചേര്‍ന്നതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.