കൊച്ചി : ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് നടനെ പോലീസ് വിട്ടയച്ചത്. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്.കേസില്‍ ഷൈന്‍ ടോം ചാക്കോ ഒന്നാം പ്രതിയും ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാം പ്രതിയുമാണ്.
പോലീസ് തേടുന്ന ലഹരിവിതരണക്കാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും ചോദ്യം ചെയ്യലിൽ ഷൈൻ സമ്മതിച്ചു. ഏപ്രിൽ 21ന് വീണ്ടും ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം നടനെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു.