ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.
കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും ഈ ഫണ്ടിൽ ഉൾപ്പെടാത്ത ഗ്രാമീണ റോഡുകൾ എംഎൽഎ ഫണ്ട് ഉൾപ്പടെയുള്ള പദ്ധതികൾ വഴി പുനർനിർമ്മിച്ച് കുട്ടനാട്ടിലെ ഗതാഗതസൗകര്യം മികച്ചതാക്കിമാറ്റാനുള്ള നടപടി കൈക്കൊള്ളുമെന്നും എംഎൽഎ പറഞ്ഞു.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് സമർപ്പിച്ച 35 റോഡുകളുടെ പട്ടികയിൽ നിന്നുള്ള 29 റോഡുകൾക്കാണിപ്പോൾ ഫണ്ട് അനുവദിച്ചത്. ഇതിൽ 19 റോഡുകൾക്കായി 6.09 കോടി രൂപ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും അനുവദിച്ചിരുന്നു. 2.32 കോടി രൂപ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ചതും ചേർത്താണ് 8.41കോടി വിനിയോഗിച്ച് 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണം നടത്തുക.