അടൂർ: ഹൃദയ ധമനിയിൽ ഉണ്ടാകുന്ന കാൽഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി അടൂർ ലൈഫ് ലൈൻ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ കാൽഷ്യം അടിഞ്ഞു കൂടിയുള്ള ബ്ലോക്കുകൾ സർജറി കൂടാതെ ആന്ജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്യുന്നതിനായുള്ള നൂതന ചികിത്സാരീതിയായ ഇൻട്രാ വാസ്ക്കുലാർ ലിത്തോ ട്രിപ്സി (IVL) ഉപയോഗിച്ചു ള്ളതാണ് ഈ ചികിത്സാരീതി.
ലൈഫ് ലൈൻ ഹാർട് ഇൻസ്റ്റിട്യൂട്ടിലെ സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്മാരായ ഡോ സാജൻ അഹമ്മദ്, ഡോ ശ്യാം ശശിധരൻ, ഡോ വിനോദ് മണികണ്ഠൻ, ഡോ കൃഷ്ണമോഹൻ, ഡോ ചെറിയാൻ ജോർജ്, ഡോ ചെറിയാൻ കോശി എന്നിവർ അടങ്ങുന്ന ടീമാണ് 78 വയസ്സും 58 വയസും ഉള്ള രണ്ടു രോഗികൾക്കു ഈ ചികിത്സ വിജയകരമായി നടത്തിയത്.
നിർമിത ബുദ്ധി (AI) ഉപയോഗിക്കുന്ന അൾട്രിയോൺ OCT (ഒപ്റ്റിക്കൽ കൊഹിയെറെൻസ് ടോമോഗ്രാഫി) എന്ന കാമറയിലൂടെ കാൽഷ്യം കാണുകയും അൾട്രാസൗണ്ട് കിരണങ്ങൾകൊണ്ട് കാൽഷ്യം ബ്ലോക്കുകളെ പൊടിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്ന ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവും ആണെന്ന് ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് അഭിപ്രായപ്പെട്ടു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് മൂലം ഏറ്റവും ശാസ്ത്രീയമായ ചികിത്സ രോഗികൾക്കു നൽകാനാകും എന്നദ്ദേഹം പറഞ്ഞു.