കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.
രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വിൽക്കുന്ന കടകളുടെ പ്രവർത്തനവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചു .രോഗബാധിത മേഖലയിൽ നിന്ന് പന്നിമാംസം , പന്നികൾ, തീറ്റ എന്നിവ ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടുപോകുന്നതും ഇവിടേക്കു കൊണ്ടുവരുന്നതും താൽക്കാലികമായി നിരോധിച്ചു.
കുമരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങൾ.
കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങൾ
രോഗം സ്ഥിരീകരിച്ച ഫാമിലും അതിനോട് ചേർന്ന ഒരു കിലോമീറ്റർ പരിധിയിലുള്ള എല്ലാ പന്നികളെയും കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉന്മൂലനം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കാണപ്പെടുന്ന വൈറസ് രോഗമാണെന്നും ഇത് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.






