ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. മലിനീകരണത്തിനെതിരെ ഡൽഹി സർക്കാർ നടപടി ശക്തമാക്കി . ബിഎസ്-6 എഞ്ചിനുകൾ ഇല്ലാത്ത പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ തലസ്ഥാന നഗരിയിലേക്ക് പ്രവേശനമില്ല. കൂടാതെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ പമ്പുകൾ ഇന്ധനം നൽകില്ല.
ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക,എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കുക, 6 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഫിസിക്കൽ, ഓൺലൈൻ ക്ലാസുകൾ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കുക എന്നീ നടപടികൾക്കും ഡൽഹി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്






