പാലക്കാട് : പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അർധരാത്രി ഹോട്ടലിൽ കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന നടത്തി.കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്.വനിതാ പൊലീസ് ഇല്ലാതെ മഫ്ത്തിയിലെത്തിയായിരുന്നു പൊലീസിന്റെ പരിശോധന.
വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അരമണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂർത്തിയാക്കി. രാത്രി 12 മണിയോടെയായിരുന്നു സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘം സംയുക്തമായി ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയത്.
സംഭവത്തെ തുടർന്ന് ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടി. സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തും പുറത്തും വച്ച് പ്രവർത്തകർ ഏറ്റുമുട്ടി.12 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നേകാല്‍വരെ നീണ്ടു.പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.