ആലപ്പുഴ: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന ഊർജ്ജിതമാക്കുവാൻ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസിൽ ചേർന്ന താലൂക്ക് തല വിജിലൻസ് സമിതി യോഗം തീരുമാനിച്ചു. താലൂക്കിലെ വിവിധ പെട്രോൾ പമ്പുകളിൽ പെട്രോൾ വിതരണത്തിന്റെ അളവിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കാൻ യോഗം നിർദ്ദേശിച്ചു.
താലൂക്കിലെ മുൻഗണനാ റേഷൻകാർഡുകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് പരിശോധന വ്യാപകമാക്കും.
താലൂക്ക് തല വിജിലൻസ് സമിതിയംഗം ജമാൽ പള്ളാത്തുരുത്തി അദ്ധ്യക്ഷത വഹിച്ചു.