തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. 2022-2024 ബാച്ച് എംബിഎ ഫിനാന്‍സ് സ്ട്രീം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്ടമായെന്നാണ് മൂല്യനിർണയം നടത്തിയ പാലക്കാട് സ്വദേശിയായ അദ്ധ്യാപകന്റെ വിശദീകരണം.
മൂല്യനിർണയം നടത്തിയശേഷം തിരുവനന്തപുരത്തേക്ക് വരുന്നവഴി ബൈക്കിൽ നിന്നും 71 ഉത്തരക്കടലാസുകൾ അടങ്ങുന്ന കെട്ട് നഷ്ടമായെന്നാണ് അദ്ധ്യാപകൻ സർവകലാശാലയെ അറിയിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്‍റെ കാരണം ആദ്യം പറയാതെ ഈ വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്നായിരുന്നു സർവകലാശാലയുടെ നിർദേശം. എന്നാൽ വിഷയം വിവാദമായതോടെ അധ്യാപകനെതിരെ നടപടിയെടുക്കാൻ സര്‍വകലാശാല തീരുമാനിച്ചു . സംഭവത്തിൽ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു