ആലപ്പുഴ: വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പുകയില മുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ശക്തമായ പരിശോധന നടത്താന്‍ സ്‌ക്വാഡ് രൂപീകരിക്കും. സ്‌കൂള്‍ അധികൃതര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ്, എക്‌സൈസ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടത്തുക. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെയും കാലാവസ്ഥാ വ്യതിയാനവും മാനുഷിക ആരോഗ്യ പരിപാലന പരിപാടിയുടെയും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിവസം പുകയില-ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്‌കൂളുകളില്‍ പഠിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേകം ബോധവല്‍കരണം നടത്തും. ബ്ലോക്ക്തലത്തില്‍ രൂപീകരിക്കുന്ന പരിശോധന സംഘം എല്ലാ മാസവും ആദ്യത്തെ ആഴ്ച പരിശോധനകള്‍ നടത്തും. സ്‌കൂളുകളില്‍ സംരക്ഷണ സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.