ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾ ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ ആറന്മുളയിൽ നടക്കും.
വള്ളസദ്യകൾക്കുള്ള ബുക്കിംഗ് 300 കടന്നതായും ഒരുക്കങ്ങൾ ആരംഭിച്ചതായും പ്രധാന സംഘാടകരായ പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു
വള്ളസദ്യകളുടെ ബുക്കിങ് ഇതിനോടകം 300 കടന്നു.
ഇഷ്ടകാര്യലബ്ധിക്കായി ആറന്മുള ക്ഷേത്രത്തിൽ ഭക്തർ നടത്തുന്ന പ്രധാന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങളിൽ പമ്പാനദിയിൽക്കൂടി തുഴഞ്ഞെത്തുന്ന കരക്കാർക്ക് ക്ഷേത്രത്തിലെയും പരിസരങ്ങളിലുള്ള സദ്യാലയങ്ങളിലുമായി പ്രത്യേക ആചാര അനുഷ്ഠാനങ്ങളാൽ നടത്തുന്നതാണ് വള്ളസദ്യകൾ. ഈ വർഷം ദിവസേന പതിനഞ്ചു വള്ളസദ്യകൾ വരെ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് കേരള ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരിക്കുന്ന വള്ളസദ്യ നിർവഹണ സമിതിയുടെ മേൽനോട്ടത്തിൽ ആണ് വള്ളസദ്യകൾ നടത്തുന്നത്.
ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും നിയന്ത്രണത്തിൽ വള്ളസദ്യക്കുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.വിവിധ മേഖലകളിലുള്ള പ്രമുഖരായ വ്യക്തികൾ വള്ളസദ്യ വഴിപാട് നടത്തുന്നവരിലുൾപ്പെടുന്നു. 64 വിഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള വള്ളസദ്യകൾ ഗിന്നസ് ബുക്കിലും ഇടം നേടികഴിഞ്ഞു
വിവിധ ദിവസങ്ങളിലായി മൂന്നുലക്ഷത്തിൽ പരം ആളുകൾ വള്ളസദ്യകളിൽ പങ്കെടുക്കുന്നു. മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി പരാതിരഹിതമായ രീതിയിൽ വള്ളസദ്യകൾ നടുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. വള്ളസദ്യ വഴിപാട് നടത്തുന്നവർക്കും ക്ഷണിക്കപ്പെടുന്നവർക്കും വള്ളസദ്യകളുടെ ചടങ്ങുകൾ പൂർണമായി കാണുന്നതിനും മുഴുവൻ വിഭവങ്ങളും ആസ്വദിക്കുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. 500 വള്ളസദ്യകൾ നടുത്തുന്നതിനു ആണ് ഈ വർഷം ലക്ഷ്യമിട്ടിട്ടുള്ളത്.
പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഈ വർഷം സെപ്റ്റംബർ 14 ആണ്.ആറന്മുള ക്ഷേത്രത്തിൽ എത്തുന്ന 52 പള്ളിയോട കരകാർക്കും, ഭക്തജനങ്ങൾക്കും വിഭവ സമൃദ്ധമായ വള്ളസദ്യ ആണ് അന്നേ ദിവസം നടത്തുന്നത്.
ഒരു ലക്ഷത്തിൽ പരം ആളുകൾ അഷ്ടമിരോഹിണി വള്ളസദ്യയിൽ വർഷംതോറും പങ്കെടുക്കാറുണ്ട്. അഷ്ടമിരോഹിണി വള്ളസദ്യ, വഴിപാട് വള്ളസദ്യകൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ – 04682313010 , 8281113010.
വള്ളസദ്യകളുടെയും, അഷ്ടമിരോഹിണി വള്ളസദ്യയുടെയും സെപ്റ്റംബർ 9 നു നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലമേളയുടെയും മുന്നൊരുക്കങ്ങൾക്കായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, വൈസ് പ്രസിഡന്റ് കെ എസ് സുരേഷ് , സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേഷ് മാലിമേൽ എന്നിവരെ സേവാസംഘം പൊതുയോഗം ചുമതലപ്പെടുത്തി.