തിരുവല്ല : തിരുവല്ലയിൽ ബാലൻസ് പൈസയുമായി ബന്ധപ്പെട്ടുണ്ടായ കണ്ടക്ടറുമായുള്ള തർക്കത്തിൽ യാത്രക്കാരൻ കെഎസ്ആർടിസി ബസിന്‍റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. യാത്രക്കാരാനായ ആഞ്ഞിലിത്താനം സ്വദേശി രതീഷ്(47) ആണ് പോലീസ് പിടിയിൽ ആയത്. ഇന്നലെ വൈകിട്ട് കുറ്റൂരിലാണ് സംഭവം.
കോട്ടയത്തു നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി ഓർഡിനറി ബസിൽ തിരുവല്ലായിൽ നിന്നുമാണ് രതീഷ് കയറിയത്. ബസ് കുറ്റൂരിൽ എത്തിയപ്പോൾ 100 രൂപായാണ് തന്നതെന്നും ബാക്കി തരാനും ആവശ്യപ്പെട്ടു. എന്നാൽ 20 രൂപയാണ് നൽകിയതെന്നു കണ്ടക്ടർ പറഞ്ഞു. ഇതിന്റെ ബാക്കി 7 തിരികെ നൽകി. പണം വാങ്ങിയ ഇയാൾ ബസ് മുന്നോട്ടു നീങ്ങിയ ഉടനെ റോഡിൽ നിന്ന് കല്ലെടുത്ത് പിൻവശത്തെ ഗ്ലാസിന് നേരെ എറിയുക ആയിരുന്നു. തുടർന്ന് ഓടി പോയ ഇയാളെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.
ബസിന്‍റെ പിൻ സീറ്റിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.






