കോഴഞ്ചേരി : റബ്ബർ ടാപ്പിങിലും ബംഗാൾ സ്വദേശി ഒന്നാമത്. റബ്ബർബോർഡിൻ്റെ ആഭിമുഖ്യത്തിൽ ഇലന്തൂർ ഇടപ്പരിയാരത്ത് നടന്ന ടാപ്പിങ് പരിശീലനത്തിലാണ് ബംഗാൾ സ്വദേശി പ്രാണാ മഹാതോ ഒന്നാമതായത്.
റബ്ബർ ബോർഡ് സംഘടിപ്പിച്ച 8 ദിവസത്തെ ടാപ്പിങ് പരിശീലനത്തിലും, പരിശീലനം പൂർത്തിയാക്കിയ ശേഷം നടത്തിയ എഴുത്ത് പരീക്ഷയിലും ആണ് ബംഗാൾ സ്വദേശിയായ റാണാ മഹാതോ വിജയിച്ചത്.
15 പേരടങ്ങിയ പരിശീലനാർത്ഥികളിൽ ഡോക്ടറും റിട്ട. അദ്ധ്യാപകരും ഉണ്ടായിരുന്നെങ്കിലും പരിശീലനത്തിലും എഴുത്ത് പരീക്ഷയിലുമെല്ലാം റാണാ മഹാതോ തന്നെ ഒന്നാമനായി. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. പരിശീലനാർത്ഥികളിൽ 13 പേരും എഴുത്ത് പരീക്ഷയിൽ വിജയിച്ചു.
ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇവ ഉപയോഗിച്ച് പ്ലാൻ്റേഷൻ കോർപ്പറേഷനിൽ ടാപ്പർ മാരാവാം. റബർ ഉത്പ്പാദക സംഘം പ്രസിഡൻ്റ് കെ. ജി. റജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് റബർ ബോർഡ് ഡെപ്യൂട്ടീ കമ്മിഷണർ ഷൈനി കെ. പൊന്നൻ ഉദ്ഘാടനം ചെയ്തു.
പമ്പ റബേഴ്സ് മാനേജിങ് ഡയറക്ടർ ദിവാകരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച പരിശീലനാർത്ഥിയായ റാണാ മഹാതോയ്ക്ക് ടാപ്പിങ് കത്തി സമ്മാനിച്ചു. റബ്ബർ ബോർഡ് അസി. ഡെവലപ്മെൻ്റ് ഓഫിസർ അജിത കെ, റബർ ബോർഡ് ഇൻസ്ട്രക്ടർ ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുതുതായി ഒരു തൊഴിൽ പഠിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് റാണാ മഹാതോ പറഞ്ഞു.