മുംബൈ : ബോളിവുഡിലെ നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് മുംബൈയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ദേശസ്‌നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്‍ പ്രശസ്തനായത്. ദേശസ്നേഹ ചിത്രങ്ങളിൽ അഭിനയിച്ച് ഭാരത് കുമാർ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു. ഷഹീദ്, ഉപ്കാർ, രംഗ് ദേ ബസന്തി,പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.
ദേശീയ ചലച്ചിത്ര അവാർഡും ഏഴ് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992-ല്‍ പത്മശ്രീയും 2015-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.