പന്തളം : ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പുതിയതായി ബസ് സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം വഴി അടൂരിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസ് ക്ഷേത്രത്തിന് മുൻപിൽ മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.
പത്തനംതിട്ടയ്ക്കൊപ്പം ചെങ്ങന്നൂരിനിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും ക്ഷേത്രം കേന്ദ്രീകരിച്ച് പുതിയ സർവീസുകൾ സമീപ ഭാവിയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഗണേഷ് കുമാറിനോടും സജി ചെറിയാനോടും ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന ബസ് ചെന്നീർക്കര ഐടിഐ, അമ്പലക്കടവ്, ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം, പാണിൽ, കുളനട, പന്തളം വഴി അടൂരിൽ എത്തും. രാവിലെ ഒൻപതിന് അടൂരിൽ നിന്ന് പുറപ്പെട്ട് ഇതേ വഴിയിൽ കൂടി പത്തനംതിട്ടയിൽ തിരിച്ചെത്തും.
ധാരാളം തീർത്ഥാടകർ എത്തുന്ന ക്ഷേത്രമാണിത്. എല്ലാ മാസവും രോഹിണി നാളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ ഇവിടെ നടക്കുന്നുണ്ട്.