തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ നദികളിൽ പ്രളയ സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കരമന നദി (വെള്ളൈക്കടവ് സ്റ്റേഷൻ), വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലും (കല്ലേലി, കോന്നി സ്റ്റേഷനുകളിൽ) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഈ നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശിച്ചു.
മുന്നറിയിപ്പ് നിലനിൽക്കുന്ന നദികളിൽ യാതൊരു സാഹചര്യത്തിലും നദിയിൽ ഇറങ്ങുകയോ മുറിച്ചു കടക്കുകയോ പാടില്ല എന്ന് അധികൃതർ വ്യക്തമാക്കി. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ സുരക്ഷ ഉറപ്പാക്കാനും, പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികാരികളുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.






