തിരുവനന്തപുരം: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിൽ പങ്കുകൊള്ളാൻ തയ്യാറെടുക്കുന്ന ഭക്തർക്കായി കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കുന്നു. നവംബർ 24-നാണ് ഈ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഓഫീസർ ബി.എസ്.ഷിജുവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
ഭക്തർക്ക് യാത്രാക്ലേശം ഒഴിവാക്കി നേരിട്ട് ക്ഷേത്ര പരിസരത്ത് എത്തിച്ചേരാനും ചടങ്ങുകൾ പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങാനും ഈ സർവീസുകൾ ഏറെ സഹായകരമാകും. തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും അതിരാവിലെ പുറപ്പെടുന്ന സർവീസുകൾ ഭക്തജനങ്ങളെ ക്ഷേത്ര പരിസരത്ത് എത്തിക്കുകയും പൊങ്കാല നിവേദ്യത്തിന് ശേഷം അതേ ബസിൽ തന്നെ തിരികെ കൊണ്ടുവരികയും ചെയ്യും. 510 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9946185265,
9495099920 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.