ചങ്ങനാശ്ശേരി : നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുത്തമിടാൻ ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ (സിബിസി) ചമ്പക്കുളം ചുണ്ടൻ പുന്നമടക്കായലിലേക്ക്. കപ്പടിക്കാനുള്ള തീവ്രപരിശീലനത്തിലാണ് തുഴച്ചിലുകാർ. കിടങ്ങറ സെന്റ് ഗ്രിഗോറിയസ് പള്ളി പാരിഷ് ഹാ ളിലാണ് ക്യാംപ് തുടരുന്നത്. പരിശീലനത്തിനായി പമ്പയാറിന്റെ കൈവഴികളിലൂടെ കുതിക്കുന്ന ചമ്പക്കുളം ചുണ്ടന് ആവേശം പകരാൻ ഇരുകരകളിലും ജനത്തിരക്കാണ്.
എസി റോഡിലൂടെ കടന്നു പോയവർക്കും ആവേശക്കാഴ്ചകളാണ് ലഭിക്കുന്നത്. നെഹ്‌റു ട്രോഫിക്ക് സമയങ്ങൾ മാത്രം ബാക്കി നിൽക്കെ ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കലിന്റെ നേതൃത്വത്തിലുള്ള പരിശീലനം അവസാനഘട്ടത്തിലേക്ക് കടന്നു. കഴിഞ്ഞ വർഷം ചങ്ങനാ ശേരിക്ക് വേണ്ടി ആദ്യമായി നെഹ്‌റു ട്രോഫി മത്സരത്തിനിറങ്ങിയ ചങ്ങനാശേരി ബോട്ട് ക്ലബ് ആദ്യ ഒമ്പതിൽ ഇടം നേടി സിബിഎല്ലി നു യോഗ്യത നേടി ചരിത്രം കുറിച്ചിരുന്നു.
ചങ്ങനാശേരിക്കായി പുന്നമടക്കായലിലേക്കിറങ്ങുന്ന ജലരാജാവിനു പിന്തുണയുമായി ചങ്ങനാശേരിക്കാരും കൂടെയുണ്ട്.ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിലാണ് സിബിസിക്കായി ചമ്പക്കുളം ചുണ്ടൻ ഇറങ്ങുന്നത്. മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, ബർസാർ ഫാ. ലിബിൻ തുണ്ടുകളം എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്. ബൈജപ്പനാണ് ലിഡിങ് ക്യാപ്റ്റൻ.
ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളും, സിബിസി ആരാധകരും പ്രവർത്തനങ്ങളുമായി സജീവമാണ്. ഇന്നലെ നടന്ന പരിശീലനത്തിനു ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, സിബിസി രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ജോഫി പുതുപ്പറമ്പ്, ഫാ. ലി ബിൻ തുണ്ടുകളം എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫിയിൽ പങ്കെടുത്ത് ചെലവു കഴിഞ്ഞുള്ള മിച്ചം തുക മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ കാൻസർ കെയർ ഫണ്ടായി കൈമാറിയിരുന്നു. കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകൾക്കും ചങ്ങനാശേരി നഗരസഭയ്ക്കുമാണ് തുക കൈമാറിയത്.
ഇത്തവണ മിച്ചം സ്വരൂപിക്കുന്ന തുക ഭവനനിർമാണ സഹായ പദ്ധതിയായി അർഹതപ്പെട്ടവർക്ക് കൈമാറുമെന്ന് ഫാ ജോഫി പുതുപ്പറമ്പ് പറഞ്ഞു.