പുനലൂർ : മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഉദിച്ച നീതി സൂര്യനാണ് യേശുക്രിസ്തുവെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ജനനപ്പെെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
അന്ധകാരം നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യുദ്ധങ്ങളിൽ നിർദോഷികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കകുയാണ്. രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും പരിശുദ്ധ കാതോലിക്കാ ബാവാ ആശങ്കരേഖപ്പെടുത്തി. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ അന്ധകാരത്തിന്റേതാണെന്ന് ബാവാ പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾ തർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയണം. അന്ധകാര ശക്തികളുടെ തേർവാഴ്ച്ചക്കെതിരെ ഭരണാധികാരികൾ മൗനം പാലിക്കുന്നത് ദു:ഖകരമാണ്. എല്ലാ മതസമൂഹങ്ങൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യവും സംരക്ഷണവും ലഭിക്കണം. വസുധൈവ കുടുംബകം എന്ന ആശയമാണ് രാജ്യത്തിൻ്റെ അടിത്തറയെന്നും ക്രിസ്മസ് ദിന സന്ദേശത്തിൽ മലങ്കരസഭാധ്യക്ഷൻ ഓർമ്മിപ്പിച്ചു.
ജനനപ്പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2 മണിക്ക് ആരംഭിച്ചു. ഇടവക വികാരി ഫാ.റോണി ആർ. ജോൺ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഇടമൺ പള്ളിയുടെ ഈ വർഷത്തെ പെരുന്നാൾ ലോഗോ പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.






