കോഴിക്കോട് : ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി സ്വദേശിയുമായ മുഹമ്മദ് ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞായറാഴ്ച ട്യൂഷൻ സെന്ററിലെ പാർട്ടിക്കിടയിൽ നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ രണ്ടു സ്കൂളുകളിലെ വിദ്യാർഥികൾക്കിടയിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ജീവനക്കാർ ഇടപെട്ട് സംഘർഷം പരിഹരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ട്യൂഷൻ സെന്ററിന് സമീപം ഇരുവിദ്യാർത്ഥി സംഘങ്ങളും സംഘടിച്ചെത്തി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
തലയ്ക്കു പരിക്കേറ്റ ഷഹബാസിനെ ഏതാനും കൂട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ രാത്രിയോടെ വീട്ടുകാർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.