അടൂർ : 59 വയസുള്ള അൽഷിമേഴ്സ് രോഗബാധിതനെ വീട്ടിൽ പരിചരിച്ചു വന്ന ഹോം നഴ്സ് ക്രൂരമായി മർദിച്ചെന്ന് പരാതി. ബി എസ് എഫ് മുൻ ഉദ്യോഗസ്ഥൻ തട്ട സ്വദേശി വി. ശശിധരൻ പിള്ളയ്ക്കാണ് മർദനമേറ്റത്. അദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് വിഷ്ണു എന്ന ഹോം നഴ്സിനെതിരെ കൊടുമൺ പൊലീസ് കേസെടുത്തു. ശശിധരൻ പിള്ളയെ തറയിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യവും പുറത്തു വന്നു.
തറയിൽ വീണ് പരുക്കേറ്റു എന്നാണ് ഹോം നഴ്സ് ബന്ധുക്കളെ വിവരം അറിയിച്ചത്. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ശശിധരൻ പിള്ളയെ നഗ്നനാക്കി തറയിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ടത്.
കഴിഞ്ഞ 5 വർഷമായി അൽഷിമേഴ്സ് രോഗത്തിന് ചികിത്സയിൽ കഴിയുന്ന ശശിധരൻപിള്ളയെ പുതുതായി എത്തിയ ഹോം നഴ്സ് ആണ് ക്രൂരമായി മർദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ചത്. അടൂരിലുള്ള ഏജൻസി വഴിയാണ് ഇയാൾ രോഗീപരിചരണത്തിന് എത്തിയത്. ശശിധരൻ പിള്ളയുടെ ബന്ധുക്കൾ പാറശാലയിലാണ് താമസിക്കുന്നത്.