എസ്പി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും പകരം ചുമതല ഉടൻ നൽകേണ്ടെന്നുമാണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനമെന്നറിയുന്നു. മലപ്പുറം എസ്പി ക്യാമ്പ് ഓഫിസിലെ മരം മുറിക്കേസുമായി ബന്ധപ്പെട്ട് മലപ്പുറം മുൻഎസ് പി ആയിരുന്ന സുജിത് ദാസും പി.വി.അൻവർ എം എൽ എയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ വിവാദമായതും സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും.
വിവാദ ഫോൺ വിളിയിൽ എഡിജിപി ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. ബന്ധുക്കൾ മുഖേന എഡിജിപി സാമ്പത്തിക ഇടപാടുകൾ നടത്തുന്നുവെന്നാണ് എസ്.പി. സുജിത് ദാസ് പി.വി.അൻവർ എം എൽ എയോട് ഫോണിൽ പറഞ്ഞത്. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും സുജിത് ദാസിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തുമെന്നുമാണ് സൂചന. മറ്റു കടുത്ത നടപടികൾ ഉണ്ടാകാനിടയില്ലെന്നും അറിയുന്നു.