പത്തനംതിട്ട : ഇക്കുറി മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തയ്യാറെടുക്കുന്നു.
പാർക്കിങ്, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം, അരവണ, അന്നദാനം, കുടിവെള്ളം, ശുചിമുറികൾ തുടങ്ങി എല്ലാ മേഖലയിലും കൂടുതൽ സൗകര്യമൊരുക്കും. നവംബർ 16ന് മണ്ഡലകാലം ആരംഭിക്കുംമുമ്പ് എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കും. മുൻവർഷങ്ങളിലുണ്ടായ ചെറിയ അസൗകര്യങ്ങളും പരാതികളും മുൻകൂട്ടിക്കണ്ടാകും നടപടി. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.
നിലയ്ക്കലിൽ പാർക്കിങ് പതിനായിരമാക്കും. കോടതിയുടെ അനുവാദത്തോടെ പമ്പയിൽ 2000 ചെറുവാഹനങ്ങളുടെ പാർക്കിങ്ങിന് ശ്രമിക്കും. എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ ആറര ഏക്കർ സ്ഥലം പാർക്കിംഗിന് ഉപയോഗപ്പെടുത്തും. നിലയ്ക്കലിലെ തിരക്കും വിജനമായ സ്ഥലത്ത് പാർക്ക് ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ടും ഒഴിവാക്കും. ശരംകുത്തിയിൽ വിശ്രമിക്കാൻ 18 ഹാളും 164 ശൗചാലയങ്ങളും നിലവിലുണ്ട്.
18ന് അരവണ ഉൽപാദനം ആരംഭിക്കും. ഒരുകോടി അരവണ കാനുകൾ സ്‌റ്റോക്കുണ്ട്. ദേവസ്വം തന്നെ അന്നദാനം നടത്തിയാൽ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രാനന്ദൻ റോഡിൽ തീർഥാടകർക്ക് വിശ്രമിക്കാൻ കസേരകൾ, വിരിവയ്ക്കാൻ 3000 പേർക്കുകൂടി താൽകാലിക പന്തൽ, സ്‌ത്രീകൾക്കും കുട്ടികൾക്കുമായി ഏസി വെയിറ്റിങ് ആൻഡ് ഫീഡിങ് ഹാൾ എന്നിവ സജ്ജമാക്കും.
കുടിവെള്ള വിതരണത്തിന് പമ്പയിൽ സ്‌റ്റീൽ വാട്ടർബോട്ടിൽ നൽകും. നടപ്പാതയിൽ നിശ്ചിത ദൂരത്ത് 60 കുടിവെള്ള കൗണ്ടറുമുണ്ട്. ശരംകുത്തി മുതൽ ജ്യോതിനഗർ വരെ ചുക്കുവെള്ളവും ബിസ്കറ്റും നൽകുമെന്നും ചുക്കുവെള്ള ബോയിലറിന്റെ ശേഷി വർധിപ്പിച്ചെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.