തിരുവനന്തപുരം : ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ ആടിയുലഞ്ഞ് ദേവസ്വം ബോര്‍ഡ്. മുന്‍ഭരണസമിതികളാണ് ഇടപാട് കാലത്തെ ഉത്തരവാദിത്വമെങ്കിലും ധാര്‍മികത ഏറ്റെടുത്ത് ബോര്‍ഡ് തലപ്പത്ത് രാജി ആലോചനയും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ ഇക്കാര്യം ആലോചിക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
ശബരിമലയില്‍ പലതരത്തിലുള്ള പരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് നേതൃത്വം നല്‍കി വരുന്നിതിനിടെയാണ് വിവാദം ഉയര്‍ന്നത്. ഇതില്‍ ശബരിമലയിലെ തന്നെ ചില മുന്‍ പ്രമുഖരുടെ പങ്കും സംശയിക്കപ്പെടുന്നു. ശബരിമലയിലെ ക്രമക്കേടു സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലുളള ചില ശക്തമായ ഇടനിലക്കാര്‍ വര്‍ഷങ്ങളായി ചുറ്റിതിരിയുമ്പോഴും ഉയരാത്ത വിവാദം ഇപ്പോള്‍ കത്തിപടരുന്നത് സര്‍ക്കാരിനും തലവേദയനായിട്ടുണ്ട്.
യുവതി പ്രവേശനത്തിലെ പോലീസ് നടപടിയിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ മിനുക്കാന്‍ സര്‍ക്കാര്‍ ചെയ്ത അയ്യപ്പ സംഗമത്തോടെ വിവാദം പുറത്തുവരികയായിരുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ മനസിലെ ഉടയാത്ത വിഗ്രഹമാണ് അയ്യപ്പന്‍. അവിടെ ക്രമക്കേടാണെന്ന ധാരണ ബലപ്പെടുന്നത് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വേദനാജനകമാണ്.
കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലേക്ക് കുടിയേറിയ നിലവിലുളള പ്രസിഡന്റ് പ്രശാന്തിന്റെ രാജിയ്ക്കായി കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്. അടുത്ത മണ്ഡലകാലത്തിലേക്ക് ശബരിമല നീങ്ങവേ വിവാദം നീളുന്നത് സര്‍ക്കാരിനും പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡ് തലത്തിലുളള ഒരു മാറ്റമാണ് ഭരണക്കാര്‍ ആഗ്രഹിക്കുന്നത്.
ആ വഴിക്ക് ബോര്‍ഡ് നേതൃത്വം ചിന്തിക്കുന്നുവെന്നാണ് സൂചനകള്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ രാജി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ മുന്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട കാര്യം നേരത്തെ മുന്‍ മന്ത്രി ജി. സുധാകരനും സൂചിപ്പിക്കുകയുണ്ടായി.ഇനി ബോര്‍ഡ് പിരിച്ചുവിട്ടാല്‍ സര്‍ക്കാരിന് ക്ഷീണമാകും. അതേ സമയം വിവാദത്തിന് പിന്നാലെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് തിരക്കിട്ട ആലോചനകളാണ് നടക്കുന്നത്






